പാലക്കാട് പുതുനഗരത്തിൽ ആരംഭിച്ച ‘ഇസ്ലാം ഫ്രണ്ട്ലി’ ജിമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ഉടമയും പരിശീലകനുമായ നവാസ് രംഗത്തെത്തി. താൻ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും ജിമ്മിൽ പ്രവേശനമുണ്ടെന്നും തണ്ണീർപന്തൽ സ്വദേശിയായ നവാസ് വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ ചർച്ചയായതിനെ തുടർന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്.
പുതുനഗരത്തെ ഭൂരിപക്ഷ വിഭാഗമായ മുസ്ലിം ജനവിഭാഗങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് നവാസ് പറയുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സമയങ്ങളിലായിരിക്കും ഇവിടെ പരിശീലനം. ജിമ്മുകളിൽ സാധാരണയായി ഉണ്ടാകാറുള്ള വലിയ ശബ്ദത്തിലുള്ള മ്യൂസിക് ഒഴിവാക്കിയിട്ടുണ്ടെന്നും താല്പര്യമുള്ളവർക്ക് ഹെഡ്സെറ്റ് ഉപയോഗിച്ച് പാട്ടുകൾ കേൾക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സ്ത്രീകൾക്ക് അവരുടെ മതവിശ്വാസപ്രകാരമുള്ള വസ്ത്രം ധരിച്ച് വരാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെ ഇത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ‘ഇസ്ലാം ഫ്രണ്ട്ലി’ എന്ന വാക്കിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും, ‘ഇക്കോ ഫ്രണ്ട്ലി’ എന്ന് പറയുന്നതുപോലെ ഒരു വിഭാഗത്തിന് ബുദ്ധിമുട്ടില്ലാത്ത അന്തരീക്ഷം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്നും നവാസ് വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.