Thanks for watching! Content unlocked for this session.

വാൽപാറ ദുരന്തത്തിന്റെ നോവിലുണർന്ന് പാങ്ങ് ജിഎൽപി സ്കൂൾ; പുതിയ അധ്യയന വർഷത്തിലേക്ക്

വാൽപാറയിലുണ്ടായ ദാരുണമായ വാഹന അപകടത്തിന്റെ കടുത്ത നോവുകൾക്കിടയിലും പുതിയ പ്രതീക്ഷകളോടെ പാങ്ങ് ജിഎൽപി സ്കൂൾ പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവെക്കുന്നു. അപകടത്തിൽ പ്രിയപ്പെട്ട അധ്യാപകരെ നഷ്ടപ്പെട്ട വിദ്യാലയത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നാട്ടുകാരും അധ്യാപകരും അധികൃതരും കൈകോർത്ത് വലിയ മുന്നൊരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 17-ന് തമിഴ്‌നാട്ടിലെ വാൽപാറയിൽ വെച്ചുണ്ടായ അപകടത്തിലാണ് സ്കൂളിലെ പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരും, പാചക തൊഴിലാളിയും മകനും ഡ്രൈവറുമടക്കം പത്ത് പേർ മരണപ്പെട്ടത്. പാങ്ങ് ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തത്തിൽ പഴയ അധ്യാപക സംഘത്തിൽ നിന്ന് ഒരു അധ്യാപിക മാത്രമാണ് ബാക്കിയായത്. ഈ വലിയ നഷ്ടത്തിൽ നിന്നുമാണ് വിദ്യാലയം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തുന്നത്.

വിദ്യാലയത്തിന്റെ പുനരുദ്ധാരണത്തിനായി കുറുവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 30 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പ്രീ-പ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി കെ.എസ്.ടി.എ. ‘സ്മൃതിലയം’ പദ്ധതിയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ നഷ്ടമായ അധ്യാപകർക്ക് പകരമായി പി. ഷമീല, കെ. അബ്ദുൽ മജീദ്, വി.പി. ഫസീല, കെ.കെ. രാഗി എന്നിവർ പുതിയതായി ചുമതലയേറ്റു. താൽക്കാലിക പ്രധാന അധ്യാപകനായി കെ. അഹമ്മദ് കുട്ടി ചുമതലയേറ്റപ്പോൾ, പാങ്ങ് സർവീസ് സഹകരണ ബാങ്കും പിടിഎയും വിവിധ കൂട്ടായ്മകളും ചേർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്ത് പിന്തുണയേകുന്നു.