Thanks for watching! Content unlocked for this session.

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു - പേരാമ്പ്ര ദുരന്തം

കോഴിക്കോട് പേരാമ്പ്ര കക്കരമുക്കിൽ കാറിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി. പേരാമ്പ്ര സ്വദേശി രജിൻലാലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്. അപകടം നടന്ന ദിവസം തന്നെ ഇയാളുടെ ഗർഭിണിയായ ഭാര്യ സോന സംഭവസ്ഥലത്ത് വെച്ച് മരിച്ചിരുന്നു.

മെയ് 16 ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. 65 ശതമാനത്തോളം പൊള്ളലേറ്റ രജിൻലാൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കാറിന്റെ പിൻ സീറ്റിൽ മാത്രമാണ് തീ പടർന്നതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സോന സംഭവത്തിനു മുൻപ് പെട്രോൾ പമ്പിൽ നിന്ന് ക്യാനിൽ പെട്രോൾ വാങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് സ്ഥിരീകരിച്ചു. രജിൻലാലുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. പ്ലസ് ടു പഠനകാലത്ത് പരിചയപ്പെട്ട ഇവർ വീട്ടിലെ എതിർപ്പിനെ തുടർന്ന് വർഷങ്ങളോളം കാത്തിരുന്നു. ഇതിനിടയിൽ രജിൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചത് സോനയെ മാനസികമായി തളർത്തി. തുടർന്ന് ആത്മഹത്യ ചെയ്യാൻ വടകര റെയിൽവേ സ്റ്റേഷനിൽ എത്തിയ സോനയെ റെയിൽവേ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. സോന നിയമ നടപടി സ്വീകരിച്ച ശേഷമാണ് രജിൻലാൽ സോനയെ വിവാഹം ചെയ്തത്.

വിവാഹശേഷവും പ്രശ്നങ്ങൾ തുടർന്നു. ഗർഭിണിയായ ശേഷം രജിൻലാൽ സോനയെ സംശയിച്ചിരുന്നതായും കുഞ്ഞ് തന്റേതാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സോനയുടെ കുടുംബം ആരോപിക്കുന്നു. രജിലാലിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും ആരോപണമുണ്ട്. എന്നാൽ രജിൻലാലിന്റെ പിതാവ് രാജൻ ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു. മൂന്നു വർഷമായി വളരെ സന്തോഷത്തോടെയാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും സോനയുടെ കുടുംബം ഒരു ദിവസം പോലും അവളെ അന്വേഷിച്ച് വന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.