Thanks for watching! Content unlocked for this session.

ജനവിധി അംഗീകരിച്ച് പിണറായി; കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് എൽഡിഎഫ്

കണ്ണൂർ: ജനവിധി അംഗീകരിക്കുന്നതായും കൂടുതൽ കരുത്തോടെ എൽഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പരാജയം സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങൾ ഞങ്ങൾ തരണംചെയ്തിട്ടുണ്ടെന്നും കൂടുതൽ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു.

‘ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനിടയായി. ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. ആ ജനവിധി ഞങ്ങൾ പൂർണമായും അംഗീകരിക്കുന്നു. ആ ജനവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. എന്തൊക്കെയാണോ ഞങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ, അതിൽ ഞങ്ങൾക്കൊരു ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാടിനെ പുരോഗതിയിലേക്ക് നയിക്കുക,’ - പിണറായി പറഞ്ഞു.

‘മാതൃകാപരമായ രീതിയിൽ കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളത്തിന് ഉയർന്നുവരാൻ കഴിഞ്ഞു. ഇതിന് തുടർച്ചവേണം. ആ തുടർച്ച ഞങ്ങൾക്ക് മാത്രമേ നടത്താനാവൂ എന്ന് പറയുന്നില്ല. ജനവിധി വന്നിരിക്കുന്നു. ആ വിധിയുടെ ഭാഗമായി തുടർപ്രവർത്തനങ്ങൾ നടത്തേണ്ടത് യുഡിഎഫ് സർക്കാരാണ്. യുഡിഎഫ് സർക്കാർ നാടിന്റെ അഭിവൃദ്ധിക്ക്, ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്നവയെല്ലാം നടപ്പാക്കണം. അത് നടപ്പാക്കുമ്പോൾ ക്രിയാത്മകമായ പിന്തുണയും നൽകും.’

‘അതിൽനിന്ന് വ്യത്യസ്തമായി ഏതെങ്കിലും തരത്തിൽ നാടിന്റെ താത്പര്യത്തിനോ ജനങ്ങളുടെ ക്ഷേമത്തിനോ വിരുദ്ധമായ നടപടികളുണ്ടായാൽ അവയെല്ലാം അതിശക്തമായി എതിർക്കും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പരാജയം സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങൾ ഞങ്ങൾ തരണംചെയ്തിട്ടുണ്ട്. ഒരുസംശയവുമില്ല, കൂടുതൽ ജനപിന്തുണയോടെ കൂടുതൽ കരുത്തോടെ സിപിഎമ്മും എൽഡിഎഫും തിരിച്ചുവരും,’ - പിണറായി വിജയൻ പറഞ്ഞു.