Thanks for watching! Content unlocked for this session.

സിഎംആർഎൽ മാസപ്പിടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. സിഎംആർഎൽ മാസപ്പിടി കേസുമായി ബന്ധപ്പെട്ട് പത്തോളം സ്ഥലങ്ങളിലാണ് പരിശോധന. പിണറായിയുടെ മകൾ വീണാ വിജയന്റെ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് മൂന്നുവർഷത്തിനിടെ 1.75 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. യാതൊരു സേവനവും നൽകാതെയാണ് ഈ തുക കൈപ്പറ്റിയതെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇഡി അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. രാഷ്ട്രീയ പകപോക്കലാണ് റെയ്ഡിന് പിന്നിലെന്ന് സിപിഎം നേതാവ് എം.എ. ബേബി ആരോപിച്ചു.