പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ 10 വർഷമായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് റദ്ദാക്കി. മുൻകൂട്ടി യാതൊരുവിധ അറിയിപ്പും നൽകാതെയാണ് പൊതുഭരണ വകുപ്പ് ഈ നടപടി സ്വീകരിച്ചത്.
മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് അനുവദിച്ചിരുന്ന 9447 എന്ന് തുടങ്ങുന്ന നമ്പറാണ് ഇപ്പോൾ കട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറുമ്പോൾ ഔദ്യോഗിക ഫോൺ നമ്പർ റദ്ദാക്കുന്നത് സ്വാഭാവിക നടപടിക്രമമാണെങ്കിലും, ഉപയോഗിച്ചിരുന്ന വ്യക്തിയെ മുൻകൂട്ടി അറിയിക്കാത്തതാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ഈ നടപടിക്കെതിരെ സി.പി.എമ്മിനുള്ളിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിലവിൽ പിണറായി വിജയന്റെ വ്യക്തിപരമായ നമ്പർ മാത്രമാണ് ഇനി പ്രവർത്തനക്ഷമമായിട്ടുള്ളത്.