20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം റഹീം നാട്ടിൽ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹത്തിന്റെ ഉമ്മ. ജോലി തേടി ഗൾഫിലേക്ക് പോയ മകൻ 18 ദിവസം മാത്രമേ പുറത്ത് ജോലി ചെയ്തുള്ളൂ, ബാക്കി 20 വർഷവും ജയിലിൽ കഴിയേണ്ടി വന്നു. മകനെ കണ്ടതിന് അല്ലാഹുവിന് നന്ദി പറയുകയാണ് ഉമ്മ.
24-ാം വയസ്സിലാണ് റഹീം ആദ്യമായി ഗൾഫിലേക്ക് പോയത്. അവിടെ ചെന്ന് 18 ദിവസം കഴിഞ്ഞപ്പോൾ ജയിലിലായി. തന്റെ മകൻ ഒന്നും ചെയ്തിട്ടില്ലെന്നും അവൻ നിരപരാധിയാണെന്നും ഉമ്മ പറയുന്നു. 48 കോടി രൂപ പിരിച്ചെങ്കിലും പണം വേണ്ട, മകനെ മതിയെന്നായിരുന്നു ഉമ്മയുടെ നിലപാട്.
ഇപ്പോൾ മകന് നാട്ടിൽ നല്ലൊരു ജോലിയും കല്യാണവും കഴിപ്പിക്കണമെന്നാണ് ഉമ്മയുടെ ആഗ്രഹം. ഇനി മകനെ വിദേശത്തേക്ക് വിടില്ലെന്നും അല്ലാഹു നാട്ടിൽ ജോലി തരട്ടെയെന്നും അവർ പറഞ്ഞു. 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകനെ കിട്ടിയ സന്തോഷത്തിലാണ് ഈ അമ്മ.