Thanks for watching! Content unlocked for this session.

രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫിസ് ഉടൻ പാലക്കാട് തുറക്കും; സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കും

പാലക്കാട്∙ രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫിസ് ഉടൻ പാലക്കാട്ടു തുറക്കും. എംഎൽഎ എന്ന നിലയിൽ പൂർണ സേവനം ജനങ്ങൾക്കു നൽകാനായി ഈ കാലയളവിൽ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു തീരുമാനം. ‘പൂർണസമയം’ പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നു പിഷാരടി പറഞ്ഞു. ജില്ലയിൽ നിന്നു രണ്ടു മന്ത്രിമാർ ഉണ്ടെന്നതു വലിയ നേട്ടമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകും. പാലക്കാട് ഗവ.മെഡിക്കൽ കോളജ് സുസജ്ജമാക്കും.

മന്ത്രി കെ.എ.തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നു. ജില്ലാ ആശുപത്രി നിർമാണപ്രവൃത്തികളും ഉടൻ പൂർത്തിയാക്കും. പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ പേർ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽത്തന്നെ തുക വകയിരുത്തിയുള്ള നടപടികൾക്കു പരിശ്രമിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ വിവാഹം, ആഘോഷങ്ങൾ എന്നിവ നടത്താനുള്ള ഓഡിറ്റോറിയങ്ങൾ പൂർത്തീകരിക്കും. ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്തും.

മികച്ച സ്റ്റാർട്ടപ് ആശയങ്ങളുണ്ടെങ്കിലും പലർക്കും ആവശ്യമായ മൂലധനം ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ഇവർക്കു വേണ്ട ഫണ്ടിനു സർക്കാർ മേഖലയിൽ മാത്രമല്ല മറ്റു സംവിധാനങ്ങൾ വഴിയും നേടിയെടുക്കാൻ ശ്രമം നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ബൈപാസ് റോഡുകൾക്ക് ഊന്നൽ നൽകും. കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ പാലക്കാട് വലിയ തോതിൽ വികസിക്കണം. ഗ്രാമങ്ങളും പട്ടണവും ചേർന്നതാണു പാലക്കാട് മണ്ഡലം. ‘സിറ്റി ഹബ്’ എന്ന രീതിയിൽ നഗരാസൂത്രണം നടത്തും. എല്ലാ വിഭാഗക്കാർക്കും ഇഷ്ടപ്പെടുന്ന മഹാനഗരമായി പാലക്കാടിനെ മാറ്റും. നഗരം വികസിക്കുമ്പോഴുള്ള മെച്ചം ഗ്രാമങ്ങൾക്കും തിരിച്ചും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.