നിയമസഭയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് രംഗത്ത്. തെറ്റുകൾ തിരുത്താത്ത കപ്പൽ ഒടുവിൽ മുങ്ങിപ്പോകുമെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണപരാജയങ്ങളെയും അഹങ്കാരത്തെയും രൂക്ഷമായ ഭാഷയിലാണ് രമ്യ ഹരിദാസ് സഭയിൽ വിമർശിച്ചത്.
ജനങ്ങൾ കണ്ണീരൊഴുക്കുമ്പോൾ മെഗാ തിരുവാതിര കണ്ട് ആസ്വദിച്ച കപ്പിത്താനായിരുന്നു മുൻ മുഖ്യമന്ത്രിയെന്ന് രമ്യ ഹരിദാസ് പരിഹസിച്ചു. കപ്പലിന്റെ കേടുപാടുകൾ ചൂണ്ടിക്കാണിച്ച ജനങ്ങളോട് “കടക്ക് പുറത്ത്” എന്ന് ആക്രോശിച്ച അധികാരികൾ, ജീവനക്കാർ തന്നെ കപ്പൽ നശിപ്പിക്കാൻ നോക്കിയപ്പോൾ അതിനെ രക്ഷാപ്രവർത്തനം എന്ന് വിളിച്ച് പ്രശംസിക്കുകയാണ് ചെയ്തതെന്നും അവർ കുറ്റപ്പെടുത്തി. തെറ്റുകൾ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് ആ കപ്പൽ മുങ്ങിപ്പോയതെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു കപ്പിത്താൻ മാത്രം നിയന്ത്രിക്കുന്ന കപ്പലല്ല പുതിയ യു.ഡി.എഫ് സർക്കാരെന്നും, ഇത് 102 ബോഗികളുള്ള ഒരു വിസ്മയ ട്രെയിനാണെന്നും രമ്യ ഹരിദാസ് പ്രഖ്യാപിച്ചു. ഗാർഡുമാരുടെയും സ്റ്റേഷൻ മാസ്റ്റർമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും കൂട്ടായ ഉത്തരവാദിത്തത്തോടെയായിരിക്കും ഈ ട്രെയിൻ മുന്നോട്ട് പോവുകയെന്നും, തകർന്ന പാലങ്ങൾ നന്നാക്കി കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമെന്നും അവർ സഭയിൽ ഉറപ്പിച്ചു പറഞ്ഞു.