തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാനാഭാഗത്തുനിന്നും ഒഴുകിയെത്തിയ ജനസാഗരമായിരുന്നു ശ്രദ്ധേയമായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കം പ്രതിപക്ഷ കക്ഷി നേതാക്കളും ചടങ്ങിനെത്തി.
പാലക്കാട് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞാ വേദിയിൽ എത്തിയപ്പോൾ പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് പ്രകടമായത്. അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാൻ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. മാധ്യമങ്ങളെ കണ്ട രാഹുൽ തനിക്കെതിരെയുള്ള വിവാദങ്ങളിലും പാർട്ടി നടപടികളിലും സുവ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞു. പാർട്ടി തന്നെ പുറത്താക്കിയാലും താൻ എന്നും ഒരു കോൺഗ്രസുകാരൻ തന്നെയായിരിക്കുമെന്നും നിലവിൽ യുഡിഎഫിന്റെ വൻവിജയം കഴിഞ്ഞ വർഷക്കാലമായി തങ്ങൾ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപ്രതിനിധി ആകണോ പാർട്ടി ഭാരവാഹിയാകണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയാണ് മുന്നോട്ടു വെക്കാനുള്ളതെന്നും നിരാശകളില്ല, പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. പദവികൾക്കായി ഉള്ളതല്ല തന്റെ ക്ലാരിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് താൻ എങ്ങോട്ടും പോയിട്ടില്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.
തനിക്കെതിരെ കോടതിയിലുള്ള കേസുകളെക്കുറിച്ച് രാഹുൽ പറഞ്ഞത്, തന്നോട് ഏറ്റവും സ്നേഹവും കരുതലും ഉള്ള പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ കേസുകളുടെ കുറ്റപത്രം സമർപ്പിച്ചതെന്നും ബാക്കിയെല്ലാം ഇനി കോടതിയിൽ കാണാമെന്നും ആയിരുന്നു.
എന്നാൽ ചടങ്ങിൽ ശ്രദ്ധേയമായ മറ്റൊരു സംഭവം കൂടി ഉണ്ടായി. രാഹുലിന്റെ സ്വഭാവത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്ന റിനിയാൻ ജോർജ് ചടങ്ങിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം അവരെ കൂകി വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി വിഡി സതീശനുമായി വ്യക്തിപരമായി അടുത്ത ബന്ധം പുലർത്തുന്ന റിനി നേരത്തെ പത്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പത്മനാഭൻ വാഴുമെന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള ചിത്രവും റിനി പങ്കുവെച്ചിരുന്നു. റിനിയെ കോൺഗ്രസ് പ്രവർത്തകർ കൂകി വിളിച്ചുകൊണ്ടാണ് വരവേറ്റത് എന്നതാണ് ശ്രദ്ധേയം.