യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ തനിക്കു നേരെ ഉണ്ടായ കൂവലിൽ മറുപടിയുമായി റിനി ആൻ ജോർജ്. കൂവിയർ കോൺഗ്രസ് പ്രവർത്തകരല്ലെന്നും ചില കുലംകുത്തികളാണെന്നും റിനി പറയുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.
മേയ് 18 2026, എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ എംഎൽഎ എന്ന് സ്നേഹപൂർവം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ മുഖ്യമന്ത്രി ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു.
ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു… അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രസ്സുകാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രസുകാർ അത്രയും സ്നേഹവായ്പോടെയാണ് എന്നോട് പെരുമാറിയത്.
സത്യപ്രതിജ്ഞയ്ക്ക് വന്ന എന്നെ കോൺഗ്രസുകാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കുവയ്ക്കുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം റിനിക്കെതിരെ കൂവി വിളിച്ചത്. അവരെ ചിരിച്ചുകൊണ്ട് നേരിട്ട് നടന്നുനീങ്ങുന്ന റിനിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.