Thanks for watching! Content unlocked for this session.

റിനിയെ കൂവിയോടിക്കാൻ നോക്കിയത് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ

കഴിഞ്ഞ ദിവസം യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ തന്നെ കൂവിയവർക്കെതിരെ യുവനടി റിനി ആൻഡ് ജോർജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കണ്ണുകടി ഉണ്ടായ കുലംകുത്തികൾ ഓരിയിട്ടു എന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിച്ചതായും റിനി കൂട്ടിച്ചേർത്തു.

വി.ഡി. സതീശന്റെ മുഖ്യമന്ത്രി പദം തന്റെ സ്വപ്നസാക്ഷാൽക്കാരമായിരുന്നുവെന്നും അത് നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്കുണ്ടായി എന്നും റിനി പറഞ്ഞു. കൂവിയവർ കോൺഗ്രസുകാരാണെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസുകാർ തന്നോട് സ്നേഹവായ്പ്പോടെയാണ് എന്നും പെരുമാറിയിട്ടുള്ളത് എന്നും റിനി ഫേസ്ബുക്കിലെ പോസ്റ്റിൽ പറയുന്നു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ നടിക്ക് നേരെ സ്ത്രീകൾ ഉൾപ്പെടെയുള്ള ചിലർ കൂകി വിളിക്കുകയായിരുന്നു. ഒരു യുവ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. അതിനുപിന്നാലെ രാഹുൽ അനുകൂലികളിൽ നിന്ന് ഭീഷണി അടക്കം നേരിട്ടു എന്നാണ് റിനി പറയുന്നത്.

റിനി ആൻഡ് ജോർജിനെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു. യൂട്യൂബർ ഷാജൻ സ്കറിയ, രാഹുൽ ഈശ്വർ എന്നിവരടക്കം നാലുപേരെ പ്രതിചേർത്ത് എറണാകുളം റൂറൽ സൈബർ പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഐടി ആക്ടിലെ സെക്ഷൻ 67 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.