മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ വിഡി സതീശൻ മന്ത്രിസഭായോഗം വിളിച്ചുചേർത്തു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ അനുവദിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. വയോജനങ്ങൾക്കായി രാജ്യത്ത് ആദ്യമായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും ആശ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ കെഎസ്ആർടിസി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ലക്ഷവറി ബസുകൾ എന്നിവയിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമോ? തിരുവനന്തപുരത്തുനിന്ന് കാസർഗോട്ടേക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാൻ കഴിയുമോ? പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ? ഒരാൾക്ക് ഒരു ദിവസം എത്ര തവണ സൗജന്യ യാത്ര ചെയ്യാം? ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണോ? അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കുമോ? അന്തർസംസ്ഥാന കെഎസ്ആർടിസി സർവീസുകൾക്കും ഇത് ബാധകമാണോ? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഇതുവരെ വ്യക്തത വന്നിട്ടില്ല.
എന്തായാലും, തന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന കാര്യത്തിൽ വിഡി സതീശന് ഉറച്ച നിലപാടാണെന്ന് ആദ്യ ദിവസത്തെ വാർത്താസമ്മേളനം തെളിയിക്കുന്നു.