കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും പങ്കെടുത്ത യോഗം ഊഷ്മളമായിരുന്നുവെന്ന് ഡൽഹി വൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയും വികസന ആവശ്യങ്ങളും, പ്രത്യേകിച്ച് സമുദ്രമേഖലയിലെ പദ്ധതികളും സതീശൻ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചു.
സംഘപരിവാർ വിരുദ്ധനായ സതീശൻ, കേന്ദ്രവുമായി സഹകരിക്കാനുള്ള നിലപാട് സ്വീകരിച്ചത് പലരെയും അമ്പരപ്പിച്ചു. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് രാഷ്ട്രീയ ശത്രുത മറന്ന് കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം മാതൃകയിൽ പൊന്നാനിയിൽ പുതിയ തുറമുഖവും അഴീക്കലിലും മറ്റും വികസനവും ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പുമായി ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്.
ദേശസുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും മുൻഗണന നൽകുന്ന മോദി, സതീശന്റെ സമുദ്ര സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള കാഴ്ചപ്പാടിൽ ആകൃഷ്ടനായെന്നും പൂർണ പിന്തുണ പ്രഖ്യാപിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ദേശീയപാത നിർമ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവ് കടപരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. ഈ കൂടിക്കാഴ്ച കേരള-കേന്ദ്ര ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ.