ഒരാൾ മരണപ്പെട്ടാൽ ഉടൻ തന്നെ ചെയ്യേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ച് ഇസ്‌ലാമിക പണ്ഡിതർ വ്യക്തമാക്കുന്നു. മയ്യിത്ത് കുളിപ്പിക്കുക, കഫൻ ചെയ്യുക, മയ്യിത്ത് നിസ്കരിക്കുക, മറവ് ചെയ്യുക എന്നീ നാല് കാര്യങ്ങൾ നിർബന്ധമാണെങ്കിലും, മരണം സംഭവിച്ച ഉടനെ തന്നെ ചെയ്യേണ്ട ഏഴ് കാര്യങ്ങളുണ്ട്.
മരണം ഉറപ്പായാൽ ആദ്യം ചെയ്യേണ്ടത് മയ്യിത്തിന്റെ ഇരു കണ്ണുകളും അടച്ചു കൊടുക്കുക എന്നതാണ്. തുടർന്ന് താടിയെല്ലുകൾ തമ്മിൽ ബന്ധിപ്പിച്ച് വായ അടച്ചു കെട്ടണം; ശരീരം ബലം വെച്ചു കഴിഞ്ഞാൽ പിന്നീട് വായ അടക്കാൻ പ്രയാസമായിരിക്കും. വയർ വീർത്തു വരാതിരിക്കാൻ ചെറിയ ഭാരമുള്ള എന്തെങ്കിലും വയറിന് മുകളിൽ വെക്കുക, ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചുമാറ്റി ലഘുവായ ഒരു തുണികൊണ്ട് ശരീരം മുഴുവൻ മൂടുക, മയ്യത്തിനെ ഖിബ്‌ലയിലേക്ക് തിരിച്ചു കിടത്തുക എന്നിവയാണ് അടുത്ത ഘട്ടങ്ങൾ.
ഏറ്റവും പ്രധാനപ്പെട്ട ഏഴാമത്തെ കാര്യം മരണപ്പെട്ട വ്യക്തിക്ക് എന്തെങ്കിലും കടമുണ്ടെങ്കിൽ അത് എത്രയും വേഗം വീട്ടുക എന്നതാണ്. കടബാധ്യതയുള്ള ആളുടെ മയ്യത്ത് നിസ്കരിക്കാൻ പ്രവാചകൻ വിസമ്മതിച്ച ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്, കടം വീട്ടേണ്ടതിന്റെ ഗൗരവം പണ്ഡിതർ വ്യക്തമാക്കുന്നു. മരണപ്പെട്ടയാളുടെ കുടുംബവും മക്കളും ഈ ബാധ്യതകൾ തീർക്കാൻ മുൻകൈ എടുക്കണമെന്നാണ് ഇസ്‌ലാമിക അധ്യാപനം.