തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പ്രാഥമിക ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിദ്യാർത്ഥികളിൽ സമാനമായ പ്രവർത്തികൾ ചെയ്യാൻ പ്രേരണയാകുമെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സിഎംആർഎലുമായി നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് തിരുവനന്തപുരത്ത് സംഘർഷമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകർക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ നിലവിൽ ഒരു മുതിർന്ന കൗൺസിലർ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം സഖാക്കൾ റിമാൻഡിലാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിന് ഉപയോഗിച്ച വാഹനം പൊതുമുതലാണെന്നും അതിക്രമം കാട്ടിയ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
അതേസമയം, നേതാക്കളുടെ ആഹ്വാനം കേട്ട് തെരുവിലിറങ്ങി ജയിലിലായ അണികളെ പാർട്ടി നേതൃത്വം തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വീണാ വിജയനെ ചോദ്യം ചെയ്യാൻ എത്തിയ ഇഡിക്ക് എതിരെ അണികളെ തെറ്റിക്കൂട്ടി തെരുവിലിറക്കി വിട്ട പിണറായി വിജയനും മറ്റ് മുതിർന്ന നേതാക്കളും ഇപ്പോൾ കേസിൽ നിന്നും അണികളിൽ നിന്നും കൈകഴുകുകയാണെന്നും, സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഇതിന്റെ ദുരിതം അനുഭവിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.