Thanks for watching! Content unlocked for this session.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ ഇരുപത്തിയാറാം പ്രതിയായ വിജയ് വിമലിനെ പുലർച്ചെ വീട്ടിൽ കയറിയാണ് സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗവും മുൻ കേരള സർവകലാശാല യൂണിയൻ ചെയർമാനുമാണ് ഇദ്ദേഹം.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് രാജ്യത്തിനെതിരായ ആക്രമണത്തിന് തുല്യമാണെന്നും പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. അക്രമത്തിൽ പ്രതികളുടെ പങ്ക് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ച പോലീസുകാരന് നേരെ കല്ലേറുണ്ടായതായും തലനാരിഴയ്ക്കാണ് അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടാതിരുന്നതെന്നും കോടതി വ്യക്തമാക്കി.

നിലവിൽ കേസിൽ 26 പേരാണ് ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുന്നത്. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥി നേതാക്കളെ ജയിലിലടയ്ക്കാനാണ് പോലീസ് ശ്രമമെന്ന് എസ്എഫ്ഐ ആരോപിക്കുമ്പോഴും, ആവേശത്തിൽ കല്ലെറിയാൻ ആഹ്വാനം ചെയ്ത മുതിർന്ന നേതാക്കൾ ഇപ്പോൾ അണികളെ കൈവിട്ട് ഒളിച്ചോടിയ അവസ്ഥയിലാണെന്ന് വിമർശനം ഉയരുന്നുണ്ട്.