Thanks for watching! Content unlocked for this session.

ഷാർജയിൽ പാക്കിസ്ഥാനി ബാലന്റെ മരണം: അയൽവാസികളായ പെൺകുട്ടികൾക്കെതിരെ പോലീസ് അന്വേഷണം

ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മൂന്ന് വയസ്സുകാരനായ പാക്കിസ്ഥാനി ബാലൻ മരിച്ച സംഭവത്തിൽ അയൽവാസികളായ രണ്ട് പെൺകുട്ടികൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. സ്വാഭാവികമായ അപകടമരണമല്ല ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂർ സ്വദേശികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികളാണ് അന്വേഷണ പരിധിയിലുള്ളത്. ഇവരുടെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സജ്ജാദ് ഹുസൈൻ എന്ന പ്രവാസിയുടെ മകൻ മുഹമ്മദ് അർജമാൻ ആണ് മരിച്ചത്. അപ്പാർട്ട്മെന്റിന് വെളിയിലെ ഇടനാഴിയിൽ കുട്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത്, അമ്മ ഒരു മിനിറ്റിൽ താഴെ സമയം വീടിനുള്ളിലേക്ക് കയറിയപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്. പെൺകുട്ടികളിലൊരാൾ ഗോവണിയുടെ വാതിൽ തുറന്ന് കുട്ടിയെ കൈകാട്ടി അകത്തേക്ക് വിളിക്കുന്നതും, കുട്ടി അങ്ങോട്ട് നീങ്ങിയ ഉടൻ വാതിൽ അടയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിമിഷങ്ങൾക്കകം മൂന്നാം നിലയിൽ നിന്ന് ഏകദേശം 14 മീറ്ററോളം താഴേക്ക് വീണ കുട്ടിയെ എറിഞ്ഞു കൊന്നതാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുട്ടിയെ താഴേക്ക് ഇട്ട ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തരായി പെൺകുട്ടികൾ നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകന്റെ വിയോഗത്തിൽ തകർന്നിരിക്കുകയാണ് ഈ പാക്കിസ്ഥാനി കുടുംബം. നിലവിൽ പാക്കിസ്ഥാനിലേക്ക് മടങ്ങിയ പിതാവ് സജ്ജാദ് ഹുസൈൻ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിച്ചു. വർഷങ്ങളായി അടുത്തടുത്ത് താമസിച്ചിരുന്ന കുടുംബങ്ങളിലെ കുട്ടികളിൽ ഇത്തരമൊരു ക്രിമിനൽ ചിന്ത ഉണ്ടാകാനുള്ള കാരണവും ലക്ഷ്യവും കണ്ടെത്താൻ ഷാർജ പോലീസ് കേസ് ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറി വിശദമായ അന്വേഷണം നടത്തിവരികയാണ്.