ദാമ്പത്യജീവിതത്തിലെ കലഹങ്ങളും പ്രശ്നങ്ങളും ഒഴിവാക്കി ഭാര്യാഭർതൃ ബന്ധം കൂടുതൽ ദൃഢമാക്കാൻ സോമവാര വ്രതാനുഷ്ഠാനവും ശിവപൂജയും ഏറെ ഉത്തമമാണെന്ന് വിശ്വാസം. ജാതകപ്പൊരുത്തം ഉണ്ടെങ്കിൽ പോലും ദാമ്പത്യത്തിൽ പല കാരണങ്ങൾ കൊണ്ട് വഴക്കുകൾ ഉണ്ടാകാറുണ്ട്. മംഗല്യസിദ്ധിക്ക് വേണ്ടി മാത്രമല്ല, വിവാഹശേഷമുള്ള കുടുംബഭദ്രതയ്ക്കും ഐക്യത്തിനും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് വഴി സാധിക്കുമെന്ന് പുരാണങ്ങൾ വ്യക്തമാക്കുന്നു.
വ്രതം നോൽക്കുന്നവർ അതിരാവിലെ എഴുന്നേറ്റ് കുളിച്ച്, ഭസ്മം തൊട്ട്, വെള്ളവസ്ത്രം ധരിച്ച് ശിവക്ഷേത്ര ദർശനം നടത്തണം. പകൽ മുഴുവൻ പൂർണ്ണ ഉപവാസം അനുഷ്ഠിക്കുകയും മനസ്സുകൊണ്ട് പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും വേണം. പാർവ്വതിയും പരമേശ്വരനും ഒരുമിച്ചുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് കൂടുതൽ ഗുണം ചെയ്യും. ജോലിക്ക് പോകുന്നവരാണെങ്കിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി ഉമാമഹേശ്വരന്മാരെ മനസ്സിൽ ധ്യാനിക്കേണ്ടതാണ്. സാധ്യമെങ്കിൽ രുദ്രാക്ഷം ധരിക്കുന്നതും ഉത്തമമാണ്.
സന്ധ്യാസമയത്ത് വീണ്ടും ശിവക്ഷേത്ര ദർശനം നടത്തി, അവിടെനിന്ന് പൂജിച്ചു നൽകുന്ന കരിക്കിൻ വെള്ളം കുടിച്ച് വ്രതം അവസാനിപ്പിക്കാം. ഈ സമയത്ത് തിരുമേനിക്ക് ദക്ഷിണ നൽകുന്നതും ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന ശിവകുടുംബത്തെ ഉപാസിക്കുന്നതും ദാമ്പത്യ ഐക്യത്തിന് വഴിതുറക്കും. കറുത്ത വാവും തിങ്കളാഴ്ചയും ഒത്തുചേരുന്ന ‘അമോസോമവാരം’ വ്രതാനുഷ്ഠാനത്തിന് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ്. ഈ ദിവസം വ്രതം നോൽക്കുന്നത് ഒരു വർഷത്തെ വ്രതാനുഷ്ഠാനത്തിന് തുല്യമായ ഫലം നൽകുകയും കുടുംബത്തിലെ അസ്വാരസ്യങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.