Thanks for watching! Content unlocked for this session.

സോന കാർ തീപ്പിടുത്തം: ഭർത്താവിനൊപ്പം വച്ച് ഗർഭിണിയായ യുവതിയുടെ ആത്മഹത്യ

കോഴിക്കോട് പേരാമ്പ്ര സമീപം ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. 27 വയസ്സുകാരി സോന പൂർണ്ണ ഗർഭിണിയായിരുന്നു.

സംഭവ ദിവസം ഉച്ചയോടെ സോന ഭർത്താവ് രജിൻലാലിനൊപ്പം വാലിക്കോട്ടെ ഇളയമ്മയുടെ വീട്ടിൽ എത്തിയിരുന്നു. സോനയെ അവിടെ ഇറക്കിയ ശേഷം ഭർത്താവ് തിരികെ പോയി. പിന്നീട് ഇളയമ്മയുടെ മകൾക്കൊപ്പം പേരാമ്പ്ര ടൗണിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് സോന രഹസ്യമായി പെട്രോൾ പമ്പിൽ പോയി പെട്രോൾ വാങ്ങിയത്. രാവിലെ വീട്ടിൽ നിന്നും കൊണ്ടുപോയ വലിയ ബാഗിലാണ് പെട്രോൾ കന്നാസ് സൂക്ഷിച്ചിരുന്നത്.

രാത്രി ബന്ധുവീട്ടിൽ നിന്ന് ഭർത്താവ് രജിൻലാലിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് സോന തീ കൊളുത്തുകയായിരുന്നു. കാറിന്റെ പിൻ സീറ്റിൽ നിന്നാണ് തീ പടർന്നത്. ഡ്രൈവിങ് സീറ്റിലായിരുന്ന രജിൻലാലിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് കൂടുതൽ പൊള്ളലേറ്റു. 60% പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് അദ്ദേഹം.

പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ വെച്ച് വൈകിട്ട് 7.25 ഓടെ സോന ഒറ്റക്ക് കന്നാസിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പുറത്തുവന്നത്. ഇതോടെ ഭർത്താവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനം നൊന്ത് സോന കാറിനുള്ളിൽ വെച്ച് സ്വയംതീ ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലാണ് പോലീസ്.

മരണത്തിനു മുൻപ് താൻ അനുഭവിച്ച മാനസിക വിഷമങ്ങൾ സോന സഹോദരിയോട് പറഞ്ഞിരുന്നതായും വിവരമുണ്ട്. എന്നാൽ സോന ഭർതൃവീട്ടിൽ അതീവ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും മകനും മരുമകളും തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്നുമാണ് ഭർതൃപിതാവ് പറയുന്നത്. ഗർഭിണിയായ ശേഷം പലതവണ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഒന്നും സ്വന്തം വീട്ടുകാർ വന്നു നോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ മകൻ നിരപരാധിയാണെന്ന് തെളിഞ്ഞതായും പോലീസ് യഥാർത്ഥ വസ്തുത ഉടൻ പുറത്തുവിടണമെന്നും കുടുംബം ആവശ്യപ്പെടുന്നു.