കോഴിക്കോട് പേരാമ്പറയിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത് മരിച്ച സോന തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭർത്താവിന് സംഭവത്തിൽ പങ്കില്ലെന്നും പോലീസ് മനസ്സിലാക്കിയിട്ടുണ്ട്.
സംഭവദിവസം ഒരു സ്ത്രീ പെട്രോൾ വാങ്ങി തിരിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സോനയുടെ ബന്ധുക്കളെ കാണിച്ച് അത് സോന തന്നെയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
കാറിന്റെ പരിശോധനയിൽ ഡീസൽ ടാങ്കിൽ യാതൊരു ചോർച്ചയും കണ്ടെത്തിയില്ല. എഞ്ചിൻ ഭാഗത്ത് പ്രത്യേകിച്ച് പരുക്കുകളോ തീപിടുത്തമോ ഉണ്ടായിരുന്നില്ല. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിന്റെ സാധ്യതയും പൂർണമായും തള്ളിക്കളഞ്ഞു. എന്നാൽ കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
സംഭവത്തെ തുടർന്ന് സോനയുടെ ഭർത്താവിലേക്ക് സംശയമുന നീങ്ങിയിരുന്നു. കുടുംബക്കാർ ഇത് കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ സോനയുടെ അന്നത്തെ ചലനങ്ങൾ പരിശോധിച്ചതോടെ ഭർത്താവിന് പങ്കില്ലെന്ന് പോലീസ് കണ്ടെത്തി.
അന്ന് രാവിലെ മുതൽ സോന അമ്മയുടെ സഹോദരിയുടെ വീട്ടിലായിരുന്നു. വൈകുന്നേരം ഷോപ്പിങ്ങിനായി സഹോദരിയുടെ മകൾക്കൊപ്പം ഇറങ്ങി. പല കടകളിൽ കയറിയ ശേഷമാണ് പെട്രോൾ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങിയത്. ഏഴരയ്ക്ക് ശേഷം ഭർത്താവ് കാറിൽ പോകുന്നതിനിടെയാണ് അപകടം നടന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് പരിശോധനയിലും കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. സോന തന്നെയാണ് ഇതിന്റെ പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.