രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പോലും മറന്ന്, ഒന്നാം വിവാഹ വാർഷികത്തിനു മുമ്പേ തന്നെ ദാമ്പത്യ ജീവിതത്തിൽ മനം മടുത്ത് 24 കാരി ജീവനൊടുക്കി. കാസർഗോഡ് ചർലടുക്ക സ്വദേശിയായ ഫാത്തിമ സുഫൈദയാണ് വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുമ്പ് ഭർതൃ പീഡനത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്.
മാതാപിതാക്കളുടെയും ഭർത്താവിന്റെയും കൺമുന്നിലാണ് സുഫൈദക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മകളും ഭർത്താവുമായി വഴക്ക് നടക്കുന്നതറിഞ്ഞ് പറഞ്ഞുതീർക്കാനായാണ് സുഫൈദയുടെ മാതാപിതാക്കൾ മരുമകനായ ആദിലിന്റെ പാണലത്തെ വീട്ടിൽ എത്തിയത്. കാര്യങ്ങൾ പറഞ്ഞുതീർക്കാനും താൽക്കാലികമായി മകളെ കൂട്ടിക്കൊണ്ടു പോകാനുമായിരുന്നു ഇവരുടെ തീരുമാനം.
എന്നാൽ സുഫൈദ മാതാപിതാക്കൾക്കൊപ്പം പോകാൻ ഇറങ്ങിയപ്പോൾ “നീ ഇപ്പോൾ പോയാൽ ഇനി വീട്ടിലേക്ക് തിരിച്ചു വരേണ്ട” എന്ന് ഭർത്താവ് പറയുകയായിരുന്നു. ഇതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് സുഫൈദ കുടിച്ചു. ആസിഡ് കുടിച്ചു പിടയുമ്പോഴും സുഫൈദയെ ആശുപത്രിയിൽ എത്തിക്കാൻ ആദിലും കുടുംബവും തയ്യാറായില്ലെന്ന് സുഫൈദയുടെ കുടുംബം ആരോപിക്കുന്നു. “നീ ഇതിനെല്ലാം അനുഭവിക്കും” എന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ മാറി നിന്നതായും യുവതിയുടെ കുടുംബം ആരോപിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് അധികമാകും മുമ്പേ സുഫൈദയെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയും പീഡനവിവരം പുറത്തറിയാതിരിക്കാൻ ഫോൺ എറിഞ്ഞു പൊട്ടിച്ചതായും സുഫൈദയുടെ വീട്ടുകാർ ആരോപിക്കുന്നു. കുടുംബം നൽകിയ സ്വർണാഭരണങ്ങൾക്കും മഹറായി ലഭിച്ച മാലയ്ക്ക് വേണ്ടി പോലും പീഡനം നടന്നു എന്നാണ് സുഫൈദയുടെ വീട്ടുകാരുടെ ആരോപണം.
ഇവർക്ക് രണ്ടുമാസം പ്രായമുള്ള കുഞ്ഞുണ്ട്. സംഭവത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് പിടികൂടി.