Thanks for watching! Content unlocked for this session.

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫിൽ അളിയൻ; ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവായ ബെന്നി തോമസിനെ നിയമിച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ബന്ധുനിയമനം പുറത്തറിഞ്ഞത്. രണ്ട് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ 13 പേരാണ് മന്ത്രിയുടെ സ്റ്റാഫിലുള്ളത്.

മന്ത്രിയുടെ ബന്ധുനിയമനത്തിനെതിരെ എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ് നിലവിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയാണ്. മുൻപ് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, ഉളിക്കൽ സഹകരണ ബാങ്ക് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ സണ്ണി ജോസഫും ബെന്നിയും ബന്ധുക്കളാകുന്നതിന് മുൻപ് തന്നെ കോൺഗ്രസ് പ്രവർത്തകരായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. സണ്ണി ജോസഫ് എംഎൽഎ ആയത് മുതൽ ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ബെന്നി തോമസെന്നും പേരാവൂരിലെ കോൺഗ്രസ് പരിപാടികളുടെ മുഖ്യ സംഘാടകനാണെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.