തനിക്ക് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെന്ന വാർത്തകൾ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യത്തിൽ വ്യക്തത വരുത്തിയത്. ഇത്തരം വാർത്തകൾ വെറും വ്യാജമാണെന്നും സിനിമാ കഥകൾ വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടർ ചാനൽ നൽകിയ വാർത്തയ്ക്ക് മറുപടിയായാണ് സുരേഷ് ഗോപി രംഗത്തെത്തിയത്. “സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിരവധി സിനിമകൾ പൂർത്തിയാക്കാൻ ഉണ്ടെന്നും മന്ത്രിയായ ശേഷം അഭിനയിക്കാൻ സാധിക്കാത്തതിനാൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ.
വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്. രാജ്യസഭാ കാലാവധി പൂർത്തിയാകുന്ന ജോർജ് കുര്യന് വീണ്ടും അവസരം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായ സുരേഷ് ഗോപിയും പിന്മാറിയേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ സുരേഷ് ഗോപിയുടെ ഔദ്യോഗിക വിശദീകരണത്തോടെ ഈ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.