Thanks for watching! Content unlocked for this session.

മുദ്രാലോൺ നിഷേധിച്ച വനിതയ്ക്ക് സുരേഷ് ഗോപിയുടെ ഓട്ടോറിക്ഷ സമ്മാനം

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സ്വയം തൊഴിൽ പദ്ധതിക്ക് ലോൺ അനുവദിക്കാത്ത ബാങ്കിനെ കുറിച്ച് പരാതി പറഞ്ഞ വനിതയ്ക്ക് ഓട്ടോറിക്ഷ വാങ്ങി നൽകി. ബൈസൻ വാലി മുട്ടുകാട് അമ്പാട്ട് സ്വദേശി ഗംഗ ഋഷികേശനാണ് ഓട്ടോറിക്ഷ ലഭിച്ചത്. 2025 സെപ്റ്റംബർ 30ന് മൂലമറ്റത്ത് നടത്തിയ കലുങ്ക് സൗഹൃദ സംഗമത്തിൽ പങ്കെടുത്ത ഗംഗ സുരേഷ് ഗോപിയോട് മുദ്രാലോൺ നിഷേധിച്ചതിനെ കുറിച്ച് പറഞ്ഞു.

രണ്ടു പതിറ്റാണ്ടിൽ അധികമായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തിയ ഗംഗയുടെ ഭർത്താവ് ഋഷികേശ് ബസ് ഡ്രൈവറായിരുന്നു. ജീവിതശൈലി രോഗങ്ങളെ തുടർന്ന് 13 വർഷമായി ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ ഗംഗയുടെ കഷ്ടപ്പാടുകൾ വർദ്ധിച്ചു. ഏഴു വർഷം മുൻപ് ദേശസാൽകൃത ബാങ്കിൽ മുദ്രാലോണിന് അപേക്ഷ നൽകിയെങ്കിലും ‘അങ്ങനെ ഒരു പദ്ധതി ഇല്ല’ എന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി.

130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഗംഗ മൂലമറ്റത്ത് എത്തിയത്. വീട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞ സുരേഷ് ഗോപിയോട് മുദ്രാലോൺ നിഷേധിച്ചതിനെ കുറിച്ച് പറഞ്ഞു. അങ്ങനെയെങ്കിൽ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിഎ ഗംഗയെ ഫോണിൽ വിളിച്ച് കമ്പനിയിലേക്ക് പണം നൽകിയിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമിൽ നിന്ന് ഓട്ടോറിക്ഷ എടുക്കാമെന്നും അറിയിക്കുകയായിരുന്നു. ലൈഫ് പദ്ധതിയിൽ കിട്ടിയ വീടിന്റെ നിർമ്മാണം നടക്കുമ്പോഴാണ് ഓട്ടോറിക്ഷ എത്തിയത്. വീഡിയോ കോളിൽ വിളിച്ച സുരേഷ് ഗോപിയോട് ഗംഗ നന്ദി അറിയിച്ചു.