സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. സിലബസ് പരിഷ്കരണവും സീറ്റ് പ്രതിസന്ധിയും പരിഹരിക്കാൻ കൃത്യമായ പദ്ധതികളുണ്ടെന്ന് അദ്ദേഹം മീഡിയവണിനോട് വ്യക്തമാക്കി.
ഒന്നു മുതൽ 11 വരെയുള്ള ക്ലാസുകളിലെ സിലബസ് പരിഷ്കരണം കഴിഞ്ഞ തവണ പൂർത്തിയായതായും ഈ വർഷം പന്ത്രണ്ടാം ക്ലാസിലെ കൂടി പൂർത്തിയാകുന്നതോടെ ഒരു ഘട്ടം അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ റവന്യൂ ജില്ലകൾക്ക് പകരം ‘വിദ്യാഭ്യാസ ജില്ല’ അടിസ്ഥാനമാക്കിയാകും ഇനി സീറ്റുകൾ വിതരണം ചെയ്യുക. അട്ടപ്പാടി, നിലമ്പൂർ തുടങ്ങിയ മേഖലകളിലെ കുട്ടികൾക്ക് ദൂരെയുള്ള സ്കൂളുകളിൽ സീറ്റ് ലഭിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ, ഒരു വിദ്യാഭ്യാസ ജില്ലയിൽ എസ്എസ്എൽസി പാസാകുന്ന അത്രയും കുട്ടികൾക്ക് അവിടെത്തന്നെ പ്ലസ് വൺ സീറ്റുകൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
സീറ്റ് പ്രശ്നത്തിൽ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരങ്ങളെ സ്വാഗതം ചെയ്ത മന്ത്രി, സംഘടനകൾ പ്രവർത്തിക്കേണ്ടത് ഭരണാധികാരികളുടെ മുഖം നോക്കിയല്ലെന്നും വിദ്യാർത്ഥികളുടെ യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടിയാകണമെന്നും കൂട്ടിച്ചേർത്തു. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെയുണ്ടായ വിവാദം വെറുമൊരു നാക്കുപിഴ മാത്രമായിരുന്നുവെന്നും, തിരുത്തിയ ഭാഗം ഒഴിവാക്കി അബദ്ധം മാത്രം സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.