തിരുവനന്തപുരത്ത് ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഐടി കമ്പനി മാനേജരെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ള ഇയാൾ, ജോലിക്ക് ശേഷമുള്ള ഒഴിവ് സമയങ്ങളിലാണ് ഫ്ലാറ്റിൽ കഞ്ചാവ് കൃഷി നടത്തിപ്പോന്നത്.
ലഹരിമരുന്ന് മാഫിയകൾക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഫ്ലാറ്റിലെ മുറിക്കുള്ളിൽ വലിയ ചട്ടികളിൽ മണ്ണും കമ്പോസ്റ്റും നിറച്ച് തികച്ചും ജൈവരീതിയിലാണ് എഴുപതോളം കഞ്ചാവ് ചെടികൾ ഇയാൾ വളർത്തിയിരുന്നത്. പുറത്തുനിന്നുള്ളവർക്ക് സംശയം തോന്നാത്ത രീതിയിൽ അതീവ രഹസ്യമായായിരുന്നു ഈ കൃഷി സജ്ജീകരിച്ചിരുന്നത്.
ചോദ്യം ചെയ്യലിൽ, വിളവെടുക്കുന്ന കഞ്ചാവ് സ്വന്തം ആവശ്യത്തിന് മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും വിൽക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് വിശാൽ പോലീസിനോട് പറഞ്ഞത്. ചെറിയ കഞ്ചാവ് ചെടികളുടെ ഇലകൾ ഉപയോഗിച്ച് ചട്ണി ഉണ്ടാക്കാനും പാലിൽ അരച്ചുചേർത്ത് കുടിക്കാനുമാണ് ഇയാൾ ഇത് ഉപയോഗിച്ചിരുന്നത്. ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ കഞ്ചാവ് ഉപയോഗം സാധാരണമാണെന്നും കേരളത്തിൽ ഇത് ഇത്രയും വലിയ നിയമപ്രശ്നമാകുമെന്ന് കരുതിയില്ലെന്നുമാണ് പ്രതി നൽകിയ മൊഴി. അറസ്റ്റിലായ പ്രതിക്കെതിരെ ശ്രീകാര്യം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.