തിരുവനന്തപുരം ആലത്തറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സിപിഎം പാർട്ടി ഓഫീസ് തിരുവനന്തപുരം കോർപ്പറേഷൻ പൊളിച്ചുനീക്കി. മേയർ വി. വി. രാജേഷിന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാരും ഹെൽത്ത് സ്ക്വാഡും ചേർന്നാണ് പൊതുവഴി കയ്യേറി നിർമ്മിച്ച ഈ ഓഫീസ് ഒഴിപ്പിച്ചത്.
കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കാനായി താൽക്കാലിക ഹെൽപ്പ് ഡെസ്ക് ആയി ആരംഭിച്ച കെട്ടിടമാണ് പിന്നീട് അനധികൃതമായി പാർട്ടി ഓഫീസാക്കി മാറ്റിയത്. സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഇടവഴി കെട്ടിയടച്ച് മുകളിൽ ഷീറ്റ് ഇട്ടായിരുന്നു ഈ നിർമ്മാണം. ഇവിടെ നിന്നും പാർട്ടി കൊടികളും, തോരണങ്ങളും, മറ്റ് ബോർഡുകളും അധികൃതർ നീക്കം ചെയ്തു. ഈ ഓഫീസിലേക്ക് അനധികൃതമായി വൈദ്യുതി എത്തിച്ചിരുന്നതായും, കെട്ടിടത്തിനുള്ളിലിരുന്ന് പാർട്ടി നേതാവ് മദ്യപിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്.
പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ചെറിയൊരു പദ്ധതി ആരംഭിക്കുന്നതിനായി സ്ഥലം ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഎം പ്രതികരിച്ചിരുന്നില്ലെന്ന് കടകംപള്ളി വാർഡ് കൗൺസിലർ ജയ രാജീവ് വ്യക്തമാക്കി. കോർപ്പറേഷന്റെ ഒൻപതോളം കടമുറികൾ കുറഞ്ഞ വാടകയ്ക്ക് എടുത്ത് പതിനായിരങ്ങൾക്ക് മറിച്ചുവിറ്റ് വലിയ അഴിമതിയാണ് ഇവിടെ നടന്നിരുന്നതെന്നും കൗൺസിലർ ആരോപിച്ചു. ഈ കടമുറികൾ വീണ്ടും ലേലം ചെയ്യുമെന്ന് മേയർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പാളയം മാർക്കറ്റിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതിന് പിന്നാലെയാണ് കോർപ്പറേഷന്റെ ഈ ശക്തമായ നടപടി.