Thanks for watching! Content unlocked for this session.

തൊടുപുഴയിൽ നേഴ്സിന്റെ ആത്മഹത്യാശ്രമം: മൂന്ന് സീനിയർ ജീവനക്കാർക്ക് സസ്പെൻഷൻ

തൊടുപുഴ സ്മിത ആശുപത്രിയിൽ സീനിയർ ജീവനക്കാരുടെ മാനസിക പീഡനത്തെ തുടർന്ന് നേഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ മൂന്ന് സീനിയർ ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) യൂണിറ്റ് സെക്രട്ടറി കൂടിയായ നേഴ്സിന്റെ ആരോഗ്യനിലയിൽ നിലവിൽ മെച്ചമുണ്ടെന്നും, രണ്ട് മൂന്ന് ദിവസങ്ങൾക്കകം ഐസിയുവിൽ നിന്ന് മാറ്റാൻ സാധിക്കുമെന്നും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അറിയിച്ചു.

സംഭവത്തെ തുടർന്ന് യുഎൻഎയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. തുടർന്ന് പൊതുപ്രവർത്തകരുടെയും യുവജന പ്രസ്ഥാനങ്ങളുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് അഞ്ചംഗ അന്വേഷണ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായത്. ജീവനക്കാരുടെ കൂടി സ്വീകാര്യതയുള്ള ഈ കമ്മിറ്റി ഈ മാസം 14-നകം റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവരെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാടിലാണ് മാനേജ്മെന്റ്.

ആരോപണവിധേയരായ വ്യക്തികളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കരുതെന്നാണ് സംഘടനയുടെയും സഹപ്രവർത്തകരുടെയും ശക്തമായ ആവശ്യം. ഈ വ്യക്തികൾക്കെതിരെ മുൻപും നിരവധി ജീവനക്കാരിൽ നിന്നും മുൻ ജീവനക്കാരിൽ നിന്നും വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, ഈ പരാതികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സുതാര്യമായ അന്വേഷണം വേണമെന്നും യുഎൻഎ ആവശ്യപ്പെട്ടിട്ടുണ്ട്.