തൃശൂർ നഗരത്തിലെ ജനവാസ മേഖലയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് വ്യാപക നാശനഷ്ടം ഉണ്ടാക്കി. ചെമ്പുക്കാവ് ടൗൺ ഹോളിന് മുന്നിൽ വച്ചായിരുന്നു സംഭവം.
രാവിലെ ഒൻപതരയോടെ കൊല്ലത്തുനിന്നും തൃശ്ശൂരിലേക്ക് ഉത്സവത്തിനെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാൻ കൊണ്ടുപോയി തിരികെ വരുന്നതിനിടെ ചെമ്പുക്കാവ് ടൗൺ ഹോളിന് മുന്നിൽ നിന്നാണ് ആന ഇടഞ്ഞോടിയത്.
ഓട്ടത്തിനിടെ വഴിയിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു. ആന തകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ചെമ്പൂക്കാവിൽ നിന്നും ആന രണ്ട് കിലോമീറ്ററോളം ദൂരം ഓടി ചേറൂർ ഗാന്ധിനഗർ വരെ എത്തി. ഗാന്ധിനഗർ ഹൗസിംഗ് കോളനിയിലേക്ക് കടന്ന ആന ഹൗസിംഗ് കോളനിയിലെ ഇടവഴികളിലൂടെയും ഓടി. ഇതിനിടെ ഇരുചക്ര വാഹനങ്ങളും വീട്ടുമതലുകളും ഗേറ്റുകളും ഉൾപ്പെടെ തകർത്തു.
ആന രണ്ടു മണിക്കൂറോളം ഹൗസിംഗ് കോളനിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതിനിടെ പോലീസും എലിഫന്റ് സ്ക്വാഡും വനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏറെനേരം പണിപ്പെട്ടാണ് പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേർന്ന് കാലിൽ ചങ്ങല കൊണ്ട് ബന്ധിപ്പിച്ച് ആനയെ തളച്ചത്.