തിരുവനന്തപുരം നഗരസഭ മേയർ അഡ്വക്കേറ്റ് വിവി രാജേഷിന്റെ നേതൃത്വത്തിൽ പാളയം മാർക്കറ്റിലെ അനധികൃത നിർമ്മിതികൾ പൊളിച്ചുനീക്കി. ഞായറാഴ്ച രാവിലെ തന്നെ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ ഓഫീസിലെത്തി കോർപ്പറേഷൻ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടങ്ങളിലേക്കുള്ള വഴി പോലും തടയുന്ന രീതിയിലായിരുന്നു അനധികൃത നിർമ്മാണം. ബുൾഡോസർ ഉപയോഗിച്ചാണ് അനധികൃത കെട്ടിടങ്ങൾ തകർത്തത്. ഇറച്ചി കച്ചവടം അടക്കമുള്ളവ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മേയറുടെ പരിശോധനയിലാണ് അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോർപ്പറേഷനിലെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അടിയന്തര നടപടി കൈക്കൊള്ളുകയായിരുന്നു. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കടകൾ ദിവസം 3000 രൂപ വരെ വാടകയ്ക്ക് നൽകിയിരുന്നതായും ബിനാമി പേരുകളിലായിരുന്നു ഇടപാടുകളെന്നും മേയർ വ്യക്തമാക്കി.
45 വർഷമായി കച്ചവടക്കാരിൽ നിന്നും ഗുണ്ടാസംഘം പണം പിരിക്കുന്നുണ്ടായിരുന്നു. മുൻഭരണസമിതികളുടെ ഒത്താശയോടെയായിരുന്നു പ്രാദേശിക സംഘങ്ങളുടെ പ്രവർത്തനം. അനധികൃത നിർമ്മാണങ്ങളോട് സന്ധിയില്ലെന്നും ഉടനടി നടപടി ഉണ്ടാകുമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
മേയറുടെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തിയത്. പാളയം മാർക്കറ്റിലെ സ്ഥിരം ഉപഭോക്താക്കൾ മാർക്കറ്റ് കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുകയും വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങളിൽ നിന്ന് അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉൾപ്പെടുന്നവരുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടികൾ തുടരുമെന്ന് മേയർ അറിയിച്ചു.