Thanks for watching! Content unlocked for this session.

അട്ടക്കുളങ്ങര സ്കൂൾ കെട്ടിടം തകർന്ന സംഭവം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി. രാജേഷ് രംഗത്തെത്തി. സ്കൂൾ തുറന്ന ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണത്. അധ്യാപകരും കുട്ടികളും ജീവനക്കാരും പോയതിനുശേഷമാണ് അപകടമുണ്ടായതെന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

കോടികൾ മുടക്കി നവീകരിച്ച കെട്ടിടമാണ് മാസങ്ങൾക്കകം തകർന്നു വീണതെന്ന് മേയർ വി.വി. രാജേഷ് ആരോപിച്ചു. കെട്ടിടത്തിന് കോർപ്പറേഷൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്നും, കാലപ്പഴക്കം ചെന്ന തടിയും കഴുക്കോലും മാറ്റാതെ വെറും പെയിന്റും സീലിംഗും മാത്രം ചെയ്ത് പുറമേക്ക് മോടിപിടിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അശാസ്ത്രീയമായ നിർമ്മാണത്തെക്കുറിച്ചും പണം ചിലവഴിച്ചതിനെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകുമെന്നും മേയർ വ്യക്തമാക്കി.

ഈ സംഭവത്തെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രാഷ്ട്രീയ തർക്കം മുറുകുകയാണ്. കോർപ്പറേഷന്റെ ഭാഗത്താണ് വീഴ്ചയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചപ്പോൾ, നവീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനും മുൻ മന്ത്രിക്കുമാണ് ഉത്തരവാദിത്തമെന്ന് മേയർ തിരിച്ചടിച്ചു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.