Thanks for watching! Content unlocked for this session.

വാക്ക് പാലിച്ച് തുടങ്ങി വിഡിഎസ് സർക്കാർ; ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾ

മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേരുകയും തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ അഞ്ച് ഗ്യാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.

ആദ്യ തീരുമാനം കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പാക്കും. ഇതിന്റെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.

രണ്ടാമത്തെ തീരുമാനം വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുക എന്നതാണ്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ജപ്പാനിലെ വയോജന ക്ഷേമ മാതൃക പഠിക്കാൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി വിഡി സതീശൻ, വാക്ക് പാലിക്കുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ അടിത്തറയാണെന്നും അഞ്ച് ഗ്യാരണ്ടികളും പൂർണമായി നടപ്പാക്കുമെന്നും ഉറപ്പ് നൽകി.

അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 3000 രൂപ വർധനവും പാചക തൊഴിലാളികൾ, പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവർക്ക് 1000 രൂപ ഓണറേറിയം വർധനവും പ്രഖ്യാപിച്ചു.

മെയ് 21ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്കും 22ന് സ്പീക്കർ തിരഞ്ഞെടുപ്പിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കും. മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും നടക്കും. അമ്പലപ്പുഴ എംഎൽഎയും മുൻമന്ത്രിയുമായ ജി സുധാകരനെ പ്രോട്ടം സ്പീക്കറായി നിയമിച്ചു.

സീനിയർ അഡ്വക്കേറ്റ് ജയജു ബാബുവിനെ കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. കെ ഗോപാലകൃഷ്ണ കുറുപ്പിന്റെ രാജി സ്വീകരിച്ചു. സീനിയർ അഡ്വക്കേറ്റ് ടി അസഫ് അലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു.

2023-ൽ ആലപ്പുഴയിൽ നവകേരള സദസ്സിനിടെ പ്രതിഷേധക്കാർക്ക് നേരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ ആക്രമണത്തിൽ പുനരന്വേഷണത്തിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വെള്ളപ്പേപ്പർ ഉടൻ പുറത്തിറക്കുമെന്നും അതിനായി വിദഗ്ധരുടെ ഒരു സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.