യുകെയിലെ മലയാളി കെയർ ജീവനക്കാരുടെ കുടുംബജീവിതത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ആശ്രിത വിസയിലുള്ളവർക്ക് അടിയന്തരമായി രാജ്യം വിടാൻ ബ്രിട്ടീഷ് ഹോം ഓഫീസിന്റെ നോട്ടീസ്. മാതാപിതാക്കൾക്ക് യുകെയിൽ തുടരാൻ നിയമപരമായി അനുമതിയുള്ളപ്പോൾ തന്നെയാണ്, അഞ്ച് വയസ്സുള്ള കുഞ്ഞുങ്ങൾക്കും ഗർഭിണികളായ സ്ത്രീകൾക്കും വരെ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസ് കത്തുകൾ അയച്ചിരിക്കുന്നത്. ഇത് യുകെയിലെ ആയിരക്കണക്കിന് പ്രവാസി മലയാളി കുടുംബങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
നിയമപരമായി യുകെയിലെത്തിയ അഞ്ച് കുട്ടികൾക്കും, ഭർത്താവിനൊപ്പം താമസിക്കുന്ന ഒരു ഗർഭിണിയായ സ്ത്രീക്കും ലഭിച്ച നോട്ടീസുകൾ പരിശോധിച്ച ശേഷം ‘ദി ഗാർഡിയൻ’ പത്രമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വൻ തുക വിസ ഫീസായി നൽകി യുകെയിലെത്തിയ ഈ കുടുംബങ്ങളിലെ കുട്ടികൾ നിലവിൽ അവിടെ സ്കൂൾ പഠനം ആരംഭിച്ചവരാണ്. ഇവരുടെ പങ്കാളികൾ വിവിധ ജോലികൾ ചെയ്യുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അപ്രതീക്ഷിതമായി ലഭിച്ച ഈ നോട്ടീസുകൾ ഇവരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
ഒരു ലക്ഷം കെയറർമാർക്കൊപ്പം 1.2 ലക്ഷം ആശ്രിതർ എത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2024 മാർച്ച് മുതൽ കെയർ വർക്കർമാർക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് യുകെ സർക്കാർ വിലക്കേർപ്പെടുത്തിയത്. തുടർന്ന് ജൂലൈയോടെ വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റും പൂർണ്ണമായി നിരോധിച്ചു. എന്നാൽ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ നിയമപരമായി യുകെയിലെത്തിയ ആശ്രിതർക്കാണ് ഇപ്പോൾ വിസ പുതുക്കി നൽകാതെ രാജ്യം വിടാൻ നോട്ടീസ് നൽകുന്നത് എന്നത് പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.