ഈ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭയിൽ വലിയ രീതിയിലുള്ള പുനഃസംഘടന നടക്കാനിരിക്കെ, കേരളത്തിന് പുതിയൊരു മന്ത്രിസ്ഥാനം കൂടി ലഭിക്കുമോ എന്നതിനെച്ചൊല്ലി ചർച്ചകൾ സജീവമാകുന്നു. നിലവിൽ സഹമന്ത്രിയായ ജോർജ് കുര്യന്റെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് പകരക്കാരനായി ആര് വരും എന്നതിലും കേരളത്തിൽ നിന്ന് മറ്റാർക്കെങ്കിലും അവസരം ലഭിക്കുമോ എന്നതിലും രാഷ്ട്രീയ കൗതുകം ഏറുന്നത്.
കേരളത്തിൽ നിന്ന് പ്രധാനമായും നാല് പേരുകളാണ് ഇപ്പോൾ മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നത്. ആർഎസ്എസ് പിന്തുണയുള്ള കണ്ണൂരിലെ സി. സദാനന്ദൻ മാസ്റ്റർ, നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജ്യസഭാംഗത്വം നൽകി മന്ത്രിസഭയിലേക്ക് കൊണ്ടുവരാൻ സാധ്യതയുള്ള കെ. സുരേന്ദ്രൻ എന്നിവർ പട്ടികയിലുണ്ട്. കൂടാതെ, ക്രൈസ്തവ സഭകളുടെ പിന്തുണ ആർജിക്കാൻ സഹായിക്കുന്ന യുവനേതാക്കളായ അനൂപ് ആന്റണി, അനിൽ ആന്റണി എന്നിവരുടെ പേരുകളും സജീവ പരിഗണനയിലാണ്.
ദേശീയതലത്തിൽ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു, എൻസിപി, ആർഎൽഎം തുടങ്ങിയ പാർട്ടികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള അഴിച്ചുപണിയാണ് കേന്ദ്രത്തിൽ നടക്കുക. ഇതിനോടകം തന്നെ മന്ത്രിമാരായിരുന്ന പങ്കജ് ചൗധരിയെ ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനായും ഹർഷ് മൽഹോത്രയെ ഡൽഹി ബിജെപി അധ്യക്ഷനായും നിയമിച്ച് സംഘടനാരംഗത്ത് ബിജെപി മാറ്റങ്ങൾ തുടങ്ങി കഴിഞ്ഞു. ജൂൺ പകുതിയോടെ തന്നെ ഈ പുനഃസംഘടനയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകൾ.