ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹത്തിനെത്തിയ വരനെ കണ്ട് വധു പിന്മാറിയതിനെ തുടർന്ന് കല്യാണപ്പന്തലിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ഹാർദോയിയിലാണ് നാടകീയമായ ഈ സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശിയായ ദേവേന്ദ്ര സിംഗ് പരിഹാർ എന്ന 23 കാരനെ വിവാഹവേദിയിൽ കണ്ടപ്പോഴാണ് താൻ ഓൺലൈനിൽ സംസാരിച്ചിരുന്ന ആൾ ഇതല്ലെന്ന് പറഞ്ഞ് അഭിഭാഷകയായ പ്രിയ എന്ന വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്.
രാഹുൽ മിശ്ര എന്നയാളുമായാണ് താൻ സംസാരിച്ചിരുന്നതെന്നും അദ്ദേഹം പുൽവാമയിൽ സൈന്യത്തിൽ ജോലി ചെയ്യുന്ന ആളാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും വധു അവകാശപ്പെടുന്നു. എന്നാൽ താനും പ്രിയയും തമ്മിൽ നാല് മാസമായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിനെത്തിയതെന്നുമാണ് വരനായ ദേവേന്ദ്ര സിംഗ് പറയുന്നത്. തർക്കം രൂക്ഷമായതോടെ വധുവിന്റെ ബന്ധുക്കൾ വരനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.
കല്യാണപ്പന്തലിലുണ്ടായ ഈ കൂട്ടത്തല്ലിൽ വരൻ ദേവേന്ദ്ര സിംഗ് ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വധുവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.