Thanks for watching! Content unlocked for this session.

വി മുരളീധരൻ മാടമ്പിയെപ്പോലെ പെരുമാറിയെന്ന് വി ശിവൻകുട്ടി; കട്ടേല സ്കൂളിലെ മിഠായി വിതരണം വിവാദത്തിൽ

തിരുവനന്തപുരം കട്ടേല അംബേദ്കർ മെമ്മോറിയൽ ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടെ വി. മുരളീധരൻ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതി വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. കുട്ടികളുടെ കൈകളിൽ നേരിട്ട് നൽകാതെ ഡെസ്കിലേക്ക് മിഠായികൾ തട്ടിയിട്ട മുരളീധരന്റെ നടപടി മാടമ്പിത്തരമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കടുത്ത ഭാഷയിൽ വിമർശിച്ചു.

സ്കൂളിലെ ഭൂരിഭാഗം വരുന്ന എസ്ടി വിഭാഗത്തിൽപ്പെട്ട കുട്ടികളോടാണ് ഈ വിവേചനം കാണിച്ചതെന്ന് ശിവൻകുട്ടി ആരോപിച്ചു. മിഠായി കവറിൽ നിന്നും കുട്ടികൾ ഇരിക്കുന്ന മേശപ്പുറത്തേക്ക് കൂട്ടത്തോടെ മിഠായികൾ ഇട്ടുകൊടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയർന്നത്. കുട്ടികളോട് കാണിക്കേണ്ട സ്നേഹവും വാത്സല്യവും ഈ പ്രവർത്തിയിൽ ഉണ്ടായില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

പണ്ടുകാലത്തെ ജന്മിമാർ അടിയാന്മാർക്ക് സംഭാവന നൽകുന്നത് പോലെയാണ് മുരളീധരൻ പെരുമാറിയതെന്ന് ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ബിജെപിയുടെയും ആർഎസ്എസിന്റെയും സംസ്കാരമാണ് ഇവിടെ പ്രകടമായതെന്നും, കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്ക് നിരക്കാത്ത ഈ പ്രവർത്തിയിൽ വി. മുരളീധരൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.