Thanks for watching! Content unlocked for this session.

വൈഭവ് സൂര്യവംശിയുടെ ബ്രാൻഡ് മൂല്യം കുതിച്ചുയരുന്നു; ലളിത് മോദിയുടെ വൻ പ്രവചനം

ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനംകവർന്ന 15 കാരൻ വൈഭവ് സൂര്യവംശിയുടെ വിപണി മൂല്യം കുതിച്ചുയരുന്നു. മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നാലെ പരസ്യ കരാറുകളിൽ വലിയ വർദ്ധനവാണ് താരം വരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് ഒരു പരസ്യ കരാറിന് ഏകദേശം ഒരു കോടി രൂപ വാങ്ങിയിരുന്ന വൈഭവ്, ഇപ്പോൾ അത് ഒന്നര കോടി മുതൽ രണ്ട് കോടി രൂപ വരെയായി ഉയർത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കോംപ്ലാൻ, റെഡ്ബുൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി കരാറുള്ള വൈഭവിനെ തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആക്കാൻ നിരവധി പുതിയ കമ്പനികളാണ് ഇപ്പോൾ രംഗത്തുള്ളത്. രാജസ്ഥാൻ റോയൽസിനായി കളിച്ച് 776 റൺസോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവിന് നിലവിൽ ടീമുമായി 1.10 കോടി രൂപയുടെ വാർഷിക കരാറാണുള്ളത്. വൈഭവിന്റെ മാതാപിതാക്കളാണ് നിലവിൽ ഈ പരസ്യ കരാറുകൾ കൈകാര്യം ചെയ്യുന്നത്.

വൈഭവിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് മുൻ ഐപിഎൽ കമ്മീഷണർ ലളിത് മോദിയും രംഗത്തെത്തിയിട്ടുണ്ട്. ടി20 ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമാകാൻ വൈഭവിന് കഴിയുമെന്നും ഹോളിവുഡ്, ബോളിവുഡ് താരങ്ങളേക്കാൾ വലിയ സൂപ്പർസ്റ്റാറായി അവൻ മാറുമെന്നും വിസ്ഡന് നൽകിയ അഭിമുഖത്തിൽ ലളിത് മോദി പ്രവചിച്ചു. പണം തലയ്ക്ക് പിടിക്കാൻ അനുവദിക്കരുതെന്നും, കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഒന്നാം നമ്പർ സൂപ്പർസ്റ്റാറാകാൻ വൈഭവിന് സാധിക്കുമെന്നും അദ്ദേഹം ഉപദേശിച്ചു.