തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന് അനുമതി നൽകാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ ഗതാഗത കമ്മീഷണർ പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും, സർക്കാരിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയറുകൾ, സൺ ഫിലിമുകൾ എന്നിവയ്ക്കാണ് അനുമതി നൽകാൻ സാധ്യതയുള്ളത്. കൂടാതെ പ്രത്യേക അനുമതിയോടെയും പണമടച്ചും വാഹനങ്ങളുടെ നിറം മാറ്റാനും അധിക സ്റ്റിക്കറുകൾ പതിപ്പിക്കാനും അനുവാദമുണ്ടാകും.
ഈ നീക്കത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, കേന്ദ്ര നിയമങ്ങളും സുപ്രീം കോടതി ഉത്തരവുകളും ഇതിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. നിർമ്മാതാക്കൾ നൽകുന്നതിന് അപ്പുറമുള്ള രൂപമാറ്റം അനുവദിക്കില്ലെന്ന് 1988-ലെ മോട്ടോർ വാഹന നിയമത്തിലെ 52-ാം വകുപ്പ് വ്യക്തമാക്കുന്നു. മുൻപ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ അനുകൂല ഉത്തരവ് 2019-ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇത്തരം മോഡിഫിക്കേഷനുകൾ അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കപ്പെടാൻ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.