തമിഴ്‌നാട് രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയെ ഒഴിവാക്കി തമിഴക വെട്രി കഴകം (ടിവികെ) ഒറ്റയ്ക്ക് അധികാരം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതായി റിപ്പോർട്ടുകൾ. ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയ്‌യുടെ ജനപ്രീതിയുടെ തണലിൽ അധികാരം കൊതിച്ചെത്തിയ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ നൽകുന്നത്. കോൺഗ്രസിനെ ഒരു ബാധ്യതയായി കണ്ട് മുന്നണിയിൽ നിന്ന് ഒഴിവാക്കാനാണ് വിജയും ടിവികെ നേതൃത്വവും പദ്ധതിയിടുന്നത്.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 118 സീറ്റുകൾ സ്വന്തം നിലയ്ക്ക് നേടാനാണ് വിജയ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എഐഎഡിഎംകെയിൽ നിന്ന് മൂന്ന് എംഎൽഎമാരെ ടിവികെയിൽ എത്തിച്ചു കഴിഞ്ഞു. ഇവരുടെ രാജിയെ തുടർന്ന് മധുരാന്തകം, ധാരാപുരം, പെരുന്തുറൈ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച് തങ്ങളുടെ സ്വാധീനം തെളിയിക്കാനാണ് ടിവികെയുടെ തീരുമാനം.
കർഷകർക്കായി പ്രഖ്യാപിച്ച കടാശ്വാസ പദ്ധതികളും, അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ യു. സഹായത്തെ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനവും വിജയ്‌യുടെ ജനപ്രീതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിജയ് നടത്തിയ കൂടിക്കാഴ്ചയും കേന്ദ്രത്തോട് മൃദുസമീപനം സ്വീകരിക്കുന്നതിന്റെ സൂചനയാണ്. ഇതോടെ ബിജെപിയുടെ മുഖ്യശത്രുവായ കോൺഗ്രസ് ടിവികെ സഖ്യത്തിൽ പൂർണ്ണമായും അപ്രസക്തമാകുമെന്നാണ് വിലയിരുത്തലുകൾ.