Thanks for watching! Content unlocked for this session.

ബുൾഡോസർ മേയറോ? അനധികൃത നിർമ്മാണങ്ങൾക്കെതിരെ വിവി രാജേഷിന്റെ പ്രതികരണം

തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയതിന് പിന്നാലെ, നഗരസഭയുടെ കർശന നടപടികൾ തുടരുമെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന “ബുൾഡോസർ മേയർ” എന്ന വിശേഷണത്തോട് പ്രതികരിക്കവെ, നിയമം അനുസരിക്കുന്ന ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്ന സാഹചര്യം ഒരുക്കാനും നഗരത്തെ നിയമവിരുദ്ധരുടെ നാടാക്കാതിരിക്കാനും ഇത്തരം നടപടികൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മാർക്കറ്റിൽ നടന്നുവന്ന അനധികൃത പിരിവുകളെയും ചൂഷണങ്ങളെയും കുറിച്ചുള്ള പരാതികൾ അന്വേഷിച്ച് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ നടപടിയെന്ന് മേയർ വെളിപ്പെടുത്തി. നഗരസഭ നിശ്ചയിച്ച നിരക്കിനേക്കാൾ പത്തും ഇരുപതും മടങ്ങ് അധികം തുക വ്യാപാരികളിൽ നിന്ന് ദിവസവും പിരിച്ചെടുത്തിരുന്നു. വൈദ്യുതി, വാട്ടർ ബില്ലുകൾ കോർപ്പറേഷനാണ് അടയ്ക്കുന്നതെങ്കിലും, ഒരു ബൾബ് ഇടുന്നതിന് പോലും മീൻ കച്ചവടക്കാരിൽ നിന്ന് പ്രതിമാസം 500 രൂപ വീതം വാങ്ങിയിരുന്നതായും പണം നൽകാത്തവരുടെ മീൻ പിടിച്ചെടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.

കഴിഞ്ഞ 40-45 വർഷങ്ങളായി സ്വാധീനം ഉപയോഗിച്ച് പല ഘട്ടങ്ങളിലായി നിർമ്മിച്ച അനധികൃത കെട്ടിടങ്ങളാണ് ഇവയെന്ന് മേയർ ചൂണ്ടിക്കാട്ടി. കൃത്യമായ നിയമപരമായ പരിശോധനകൾക്ക് ശേഷമാണ് നടപടികൾ സ്വീകരിക്കുന്നത്. രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെ ഇത്തരം അനധികൃത നിർമ്മാണങ്ങൾ വരും ദിവസങ്ങളിലും ഒഴിപ്പിക്കുമെന്നും, ദൈനംദിന ഭരണപരമായ കാര്യങ്ങൾ ഉള്ളതിനാൽ ഒറ്റ ദിവസം കൊണ്ട് എല്ലാം തീർക്കാൻ കഴിയില്ലെങ്കിലും നഗരസഭയുടെ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.