Thanks for watching! Content unlocked for this session.

അതിരപ്പിള്ളിയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനം തടഞ്ഞ് ചുള്ളിക്കൊമ്പൻ

അതിരപ്പിള്ളി മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര യോഗത്തിൽ പങ്കെടുക്കാൻ പോയ മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനം കാട്ടാന തടഞ്ഞു. ചാർപ്പാലം പരിസരത്ത് വെച്ചാണ് ‘ചുള്ളിക്കൊമ്പൻ’ എന്ന കാട്ടാന റോഡിലിറങ്ങി വഴിതടസ്സമുണ്ടാക്കിയത്. മാധ്യമങ്ങളിൽ വന്ന വാർത്തകൾ തിരുത്തിക്കൊണ്ട്, തങ്ങൾ ആനയെ ഒട്ടും അസ്വസ്ഥനാക്കാതെ ഏകദേശം 20 മിനിറ്റോളം നിശബ്ദമായി കാത്തുനിന്ന ശേഷമാണ് യാത്ര തുടർന്നതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

വെറ്റിലപ്പാറ സ്വദേശി മോഹനൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേർന്നത്. ജനവാസ മേഖലകളിൽ വിഹരിക്കുന്ന അപകടകാരികളായ ആനകളെ ഉൾക്കാടുകളിലേക്ക് മാറ്റാനും ഇതിനായി 100 അംഗ കർമ്മസേന രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ, വനാതിർത്തികളിൽ 20 മീറ്റർ വരെ വിസ്ത ക്ലിയറൻസ് നടപ്പാക്കാനും വന്യജീവി ആക്രമണം തടയാൻ എഐ ടൂളുകളും ഹാങ്ങിങ് സോളാർ ഫെൻസിങ്ങും അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.