തമിഴ്‌നാട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, ചർച്ചകൾക്കായി അദ്ദേഹം ഡൽഹിയിലെത്തി. ബിജെപി ബന്ധം ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടൻ രജനീകാന്തുമായി അണ്ണാമലൈ പ്രാഥമിക ചർച്ചകൾ നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയത്. ഇത് പാർട്ടി വിടാനുള്ള തീരുമാനം അന്തിമമായിട്ടില്ലെന്നതിന്റെ സൂചനയാണ് നൽകുന്നത്.
2019-ൽ ഐപിഎസ് ഉദ്യോഗം രാജിവെച്ച് ബിജെപിയിൽ ചേർന്ന അണ്ണാമലൈ, 2022-ൽ സംസ്ഥാന അധ്യക്ഷനായതോടെ തമിഴ്‌നാട്ടിൽ പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാൽ അണ്ണാഡിഎംകെയുമായി സഖ്യം വേണ്ടെന്ന അദ്ദേഹത്തിന്റെ നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ കേന്ദ്ര നേതൃത്വം തള്ളുകയും, അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ദേശീയ അധ്യക്ഷൻ, ദേശീയ ജനറൽ സെക്രട്ടറി അല്ലെങ്കിൽ രാജ്യസഭാ അംഗത്വത്തോടെ കേന്ദ്രമന്ത്രിസ്ഥാനം എന്നിവ നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഇവയെല്ലാം അമിത് ഷായുടെ എതിർപ്പും മറ്റ് കാരണങ്ങളും കൊണ്ട് അനന്തമായി വൈകുകയായിരുന്നു.
അണ്ണാമലൈയെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനാണ് കേന്ദ്ര നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. അണ്ണാമലൈയെ മാറ്റി സഖ്യമുണ്ടാക്കിയ ബിജെപിയുടെ തീരുമാനം തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായെങ്കിലും തെറ്റ് സമ്മതിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ഡൽഹിയിലെ ഇന്നത്തെ ചർച്ചകൾ പൂർത്തിയാകുന്നതോടെ അണ്ണാമലൈ ബിജെപിയിൽ തുടരുമോ അതോ പുറത്തുപോകുമോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.